News Desk

2022-05-19 03:56:28 pm IST
മസ്‌കത്ത്: ഒമാനിലെ പൊതുമേഖലയില്‍ നടപ്പാക്കിയ ഫ്‌ളക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റത്തിനനുസരിച്ച് വിവിധ മന്ത്രാലയങ്ങള്‍ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി. ഇതനുസരിച്ച് എല്ലാ സര്‍വിസ് ഡെലിവറി ഔട്ട്‌ലെറ്റുകളും രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നുവരെ സേവനം ലഭ്യമാക്കും.

24 മണിക്കൂറും രാജ്യത്ത് സര്‍ക്കാര്‍-പൊതുമേഖലയിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായിരിക്കും. ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് മൂന്നു വരെയാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി രാവിലെ എട്ട്മുതല്‍ വൈകുന്നേരം ആറുവരെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. 

രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുവരെ മന്ത്രാലയ ഓഫിസില്‍ ആവശ്യമായ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യാനായി ജീവനക്കാരുണ്ടാകും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ആസ്ഥാനത്തും അതിന്റെ ഡയരക്ടറേറ്റുകളിലും വിവിധ ഗവര്‍ണറേറ്റുകളിലുടനീളമുള്ള അനുബന്ധ വകുപ്പുകളിലും പ്രവര്‍ത്തന സമയം വൈകിട്ട് 4.30 വരെ ആയിരിക്കും. പരിസ്ഥിതി അതോറിറ്റിയിലെ സേവനങ്ങള്‍ വൈകിട്ട് മൂന്നുവരെ ലഭ്യമാകും.

സര്‍ക്കാര്‍-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഫ്ലക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം നടപ്പാക്കിയത്. ഈ മാസം 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top