News Desk

2021-04-30 06:17:14 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. 

ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയായിരിക്കണം. വാക്സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐ.ഡി എന്നിവ കൈവശമുണ്ടാകണം. 

പ്രൈമറി ഹെല്‍ത്ത് സെന്റര്‍

പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ആദ്യ ഡോസ് എടുത്തവര്‍ക്ക് അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാവും അടുത്ത ഡോസും ലഭിക്കുക. ഇതു സംബന്ധിച്ച എസ്.എം.എസ് അറിയിപ്പ് ലഭിക്കും. കഴിഞ്ഞ 20 ദിവസത്തിനിടെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചവരില്‍ രണ്ടാമത്തെ ഡോസ് ഡ്രൈവ്-ത്രൂ കേന്ദ്രത്തില്‍ നിന്നെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ക്ക് അപ്പോയ്ന്‍മെന്റ് ഹെല്‍ത്ത് സെന്ററിലേക്ക് പുനക്രമീകരിച്ചു കൊണ്ടുള്ള എസ്.എം.എസ് സന്ദേശം ലഭിയ്ക്കും.

ലുസെയ്ല്‍, അല്‍ വക്ര ഡ്രൈവ് ത്രൂ സെന്ററുകള്‍

ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്ന് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാമത്തെ ഡോസ് എടുക്കാന്‍ അനുമതിയുള്ളു. രണ്ടാമത്തെ ഡോസിനായി ഡ്രൈവ്-ത്രൂ കേന്ദ്രത്തില്‍ എത്തേണ്ട സമയവും തീയതിയും സംബന്ധിച്ച് എസ്.എം.എസ് സന്ദേശം ലഭിക്കും. 

നിശ്ചിത തീയതിക്കു മുമ്പ് ഒരു കാരണവശാലും അടുത്ത ഡോസ് വാക്‌സിന്‍ ലഭിക്കില്ല. ഫൈസര്‍- ബയോഎന്‍ടെക് ആദ്യ ഡോസെടുത്ത് 21 ദിവസത്തിനും മൊഡേണ ആദ്യ ഡോസെടുത്ത് 28 ദിവസത്തിനും ശേഷവുമാണ് രണ്ടാമത്തെ ഡോസ് ലഭിക്കുക. 

സ്വന്തം വാഹനത്തിലോ ടാക്സിയിലോ ആണ് ഡ്രൈവ്-ത്രൂ സെന്ററില്‍ എത്തേണ്ടത്. ബസുകളിലും കാല്‍നടയായി എത്തുന്നവര്‍ക്കും വാക്സിന്‍ ലഭിക്കില്ല. സെക്കന്റ് ഡോസ് എടുക്കാന്‍ അനുവദിച്ച സമയത്ത് എത്തിയില്ലെങ്കില്‍, ഏതെങ്കിലും പി.എച്ച്.സി.സി സെന്ററില്‍ അപ്പോയിന്‍മെന്റ് മാറ്റിക്കൊണ്ടുള്ള സമയവും തീയതിയും സംബന്ധിച്ച എസ്.എം.എസ് സന്ദേശം ലഭിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top