News Desk

2021-04-12 04:16:05 pm IST
ദോഹ: റമദാന്‍ മാസത്തില്‍ വാക്‌സിന്‍ വിതരണ കേന്ദ്രമായ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ (ക്യു.എന്‍.സി.സി) സെന്ററിന്റെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് 
പൊതുജനാരോഗ്യ മന്ത്രാലയം. വെള്ളി, ശനി ദിവസങ്ങള്‍ ഉള്‍പ്പെടെ ആഴ്ച്ചയിലെ എല്ലാ ദിവസവും ക്യു.എന്‍.സി.സി രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കുന്നതായിരിക്കും. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.



ക്യു.എന്‍.സി.സിയില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനം, കാത്തിരിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തി. പുറത്ത് കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ക്യു.എന്‍.സി.സിയിലെ പാര്‍ക്കിങ് സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പി.എച്ച്.സി.സി, ആഭ്യന്തര മന്ത്രാലയം, അല്‍ ഫസ, തൊഴില്‍ ഭരണ വികസന സാമൂഹിക ക്ഷേമ മന്ത്രാലയം, ക്യു.എന്‍.സി.സി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

അതേസമയം, വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ളവരുടെ വ്യാപ്തി വലുതാക്കിയതോടെ ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top