News Desk

2021-02-10 11:27:32 pm IST

ദോഹ: കൊവിഡ് പ്രതിരോധ വാക്‌സിനായ മൊഡേണയുടെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ഖത്തര്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ വാക്‌സിനാണിത്. 

പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് വാക്സിനിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തിയിട്ടുണ്ട്. കൂടാതെ പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തിയതിന് ശേഷവുമാണ് മൊഡേണ വാക്‌സിന്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയത്. 

അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, യു.കെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആരോഗ്യ ഏജന്‍സികള്‍ മൊഡേണ വാക്‌സിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കുന്നത്. 

സമഗ്ര ക്ലിനിക്കല്‍ ട്രയല്‍ പ്രക്രിയയില്‍ മൊഡേണ വാക്സിന്‍ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഖത്തറില്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി വിപുലീകരിക്കുന്നതിനനുസരിച്ച് ഫൈസര്‍ വാക്‌സിനോടൊപ്പം മൊഡേണ വാക്‌സിനും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള വാക്സിനുകളില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള രണ്ട് വാക്സിനുകളുടെ ലഭ്യത ഖത്തറിന് ഇപ്പോള്‍ ഗുണം ചെയ്യുമെന്നും ആളുകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഖത്തറിലെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. മൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ആദ്യ ഉടന്‍ നമ്മുക്ക് ലഭിക്കും. തുടക്കത്തില്‍ പരിമിതമായ എണ്ണമേ ലഭിക്കുകയുള്ളൂ എങ്കിലും ഭാവിയില്‍ കൂടുതല്‍ എത്തിക്കാനാകും. ഫൈസര്‍ വാക്‌സിന്റെ കൂടുതല്‍ ബാച്ചുകള്‍ വരും ആഴ്ചകളില്‍ രാജ്യത്തെത്തും.', ഖത്തറിലെ വാക്‌സിന്‍ പ്രൊക്യുര്‍മെന്റ് ടാസ്‌ക്‌ഫോഴ്സിന്റെ അധ്യക്ഷയും ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറുമായ ഡോ. ആയിഷാ ഇബ്രാഹിം അല്‍ അന്‍സാരി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top