News Desk

2021-12-05 01:25:59 pm IST
ദോഹ: ഖത്തറിലെ തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതോ നിശ്ചിത സമയത്ത് പുതുക്കാത്തതോ ആയ കമ്പനികള്‍ക്ക് 50 ശതമാനം ഇളവ്‌ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ യൂനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ടമെന്റ്. ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ ഖത്തര്‍ പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പരിഗണിച്ചാണ് തൊഴിലാളികളുടെ വിസ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത കമ്പനികള്‍ക്ക് 50 ശതമാനം ഇളവോട് കൂടി പ്രശ്നം പരിഹരിക്കാന്‍ ഇളവുകള്‍ നല്‍കുന്നത്.

നിയമം ലംഘിച്ച പ്രവാസിയോ തൊഴിലുടമയോ നിശ്ചിത തിയ്യതിക്കകം സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്മെന്റിലോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍വീസ് സെന്ററുകളിലോ അപേക്ഷ നല്‍കണം. റെസിഡന്‍സി പെര്‍മിറ്റ്, വര്‍ക്ക് വിസ, ഫാമിലി വിസിറ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.

യുണൈറ്റഡ് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സര്‍വ്വീസ് സെന്ററുകള്‍ മുഖേനയാണ് ഇതിന് അപേക്ഷ സ്വീകരിക്കേണ്ടത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഉംസലാല്‍, ഉംസുനൈം, മിസൈമിര്‍, വക്റ, റയ്യാന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സര്‍വ്വീസ് സെന്ററുകള്‍ മുഖേന ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഈ രൂപത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

രാജ്യത്തെ തൊഴിലാളികളുടെ വരവും പോക്കും നിയന്ത്രിക്കുന്ന 2015 ലെ നിയമമനുസരിച്ചാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യത്ത മുഴുവന്‍ കമ്പനികളേയും ജീവനക്കാരേയും നിയമവിധേയമാക്കുക എന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരീഡ് അനുവദിച്ചത്. ഗ്രേസ് പിരീഡ് പരമാവധി പ്രയോജനപ്പെടുത്തി പരമാവധി കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തണമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top