റിയാദ്: കോള്‍ സെന്ററുകള്‍ ഉള്‍പ്പെടെ കസ്റ്റമര്‍ സര്‍വീസ് സേവനങ്ങള്‍ പൂര്‍ണമായും സ്വദേശിവല്ക്കരിക്കുമെന്ന് സൗദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹി. കോള്‍ സെന്ററുകള്‍ വഴി രാജ്യത്തെ കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പുതിയ നിര്‍ദേശപ്രകാരം കോള്‍സെന്ററുകള്‍, ഇമെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സാമൂഹിക മാധ്യമ ഇടപെടല്‍ എന്നിവ ഉള്‍പ്പെടെ വിദൂരമായി നല്കുന്ന എല്ലാതരം ഉപഭോക്തൃ സേവനങ്ങള്‍ക്കും പുറം രാജ്യത്ത് നിന്ന് ആളുകളെ നിയമിക്കാന്‍ കഴിയില്ല.
നിലവില്‍ ഇന്ത്യ, പാകിസ്താന്, അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനവുമായി ബന്ധപ്പെട്ട കോള്‍ സെന്ററുകള്‍ ഔട്ട്സോഴ്സ് ചെയ്തിരിക്കുന്നത്.
സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ഈ രാജ്യങ്ങളിലെ കോള്‍ സെന്ററുകളില്‍ നിന്നാണ് ടെലഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കോള്‍ സെന്ററുകള്‍ക്ക് അവസാനമാവും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി കസ്റ്റമര്‍ കെയര്‍ സേവന ഇടങ്ങളിലെല്ലാം സൗദികള്‍ ആയിരിക്കണമെന്നതാണ് ലക്ഷ്യം. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്, നാഷനല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി, ലോക്കല്‍ കണ്ടന്റ്, ഗവണ്മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
ഈ രംഗത്ത് സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിലവിലുള്ള സംരംഭങ്ങളിലൂടെ പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന് പുറത്തുള്ള കോള്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നതോടൊപ്പം കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം കൂടി പ്രഖ്യാപിച്ചതോടെ നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമാവുമെന്നും വിലയിരുത്തപ്പെടുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH