News Desk

2021-06-08 11:43:04 am IST
ദോഹ: ഖത്തറിലെ ഭക്ഷണശാലകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷ്യസുരക്ഷാ രംഗത്തെ അന്തര്‍ദ്ദേശീയ നിലവാരവും ഗള്‍ഫ് മാനദണ്ഡങ്ങളും അനുസൃതമാക്കിയാണ് ഭക്ഷ്യ സര്‍വീസുകള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ പരിസ്ഥിതി ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമാരുമായി സഹകരിച്ച് തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ഖത്തറിലെ നിയമങ്ങള്‍ പാലിക്കുന്ന വിധം ഭക്ഷ്യ സേവനങ്ങളെ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഈ മേഖലയിലെ ഏറ്റവും പുതിയതും അന്തര്‍ദ്ദേശീയവുമായ നിബന്ധനകള്‍ക്കാനുസൃതമായി ഖത്തറിലെ ഭക്ഷ്യ സേവന ശൃംഖലയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും എല്ലാ സ്ഥാപനങ്ങളിലും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന നീക്കമാണിത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങള്‍ നിര്‍ബന്ധിത നിയമനിര്‍മ്മാണ ആവശ്യകതകള്‍, ഭക്ഷ്യ ശുചിത്വം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ നടപടികള്‍ ആണ്. ഈ നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അവലോകനം ചെയത് വിലയിരുത്തുന്നതാണ്.  

പരിസ്ഥിതി ആരോഗ്യ ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ ഔദ്യോഗിക പരിശോധനാ പ്രവര്‍ത്തനങ്ങളില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

നിര്‍ദേശങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. സ്ഥാപനത്തിന്റെ ആവശ്യകതകള്‍, ഉപകരണങ്ങള്‍, അണു നിയന്ത്രണം, ജീവനക്കാര്‍, ശുചിത്വം, അണുനശീകരണം എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളെക്കുറിച്ചാണ് ആദ്യ വിഭാഗത്തില്‍ പറയുന്നത്. ഭക്ഷണം തയ്യാറാക്കല്‍ മുതല്‍ പ്രദര്‍ശിപ്പിക്കല്‍, പാക്കേജിംഗ്, ഡാറ്റ ഡെവലപ്മെന്റ്, സാമ്പിള്‍ വരെയുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യ സുരക്ഷയാണ് മൂന്നാമത്തെ വിഭാഗം. ഫുഡ് ട്രേസിംഗ്, റീകാള്‍, നിയമലംഘനം, പരാതി പരിഹാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭക്ഷ്യശാലകളിലെ ജീവനക്കാര്‍, മാനേജര്‍മാര്‍, ഉടമകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായി ഭക്ഷ്യസുരക്ഷാ നടപടികളെക്കുറിച്ച് മന്ത്രാലയം ഉടന്‍ ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കപെടുന്ന പുതിയ നിര്‍ദേശങ്ങള്‍ ഭക്ഷ്യ സേവനദാതാക്കളുടെ ഏത് നിര്‍ദ്ദേശത്തെയും ഭക്ഷ്യ സുരക്ഷാ, പരിസ്ഥിതി ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top