News Desk

2021-04-27 01:14:37 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 240 പേര്‍ക്കെതിരെ കൂടി നടപടിയെടുത്ത് പൊലീസ്. മാസ്‌ക് ധരിക്കാത്തതിനാണ് 230 പേര്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് രണ്ടുപേരെയും  ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും ക്വാറന്റീന്‍ ലംഘിച്ചതിന് ഏഴുപേരെയുമാണ് പിടികൂടിയത്. 

തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് ആളുകളെയാണ് നിയമ നടപടിയ്ക്കായി മന്ത്രാലയം പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990 ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top