News Desk

2021-03-04 03:57:23 pm IST
ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ജോലിക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങി സ്‌കൂളുകളിലെ എല്ലാ തരം ജോലിക്കാരും കൊവിഡ് വാക്‌സിന്‍ എടുക്കണമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ നടപടിക്രമങ്ങള്‍ മാര്‍ച്ച് 21 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 

ഇഹ്തിറാസ് ആപ്പില്‍ കുത്തിവെയ്പ്പ് എടുത്തു എന്ന് തെളിയിക്കുന്ന ഗോള്‍ഡന്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാവൂവെന്നാണ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അല്ലെങ്കില്‍ എല്ലാ ആഴ്ച്ചയും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാക്‌സിന്‍ എടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് രോഗബാധ തെളിഞ്ഞാല്‍ അവരുടെ ക്വാറന്റൈന്‍ കാലയളവില്‍ ശമ്പളം നല്‍കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു. 

നിലവില്‍ കൊവിഡ് വാക്‌സിന് യോഗ്യതയുള്ളവരുടെ വിഭാഗങ്ങളില്‍ സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയതായും ഈ അവസരം ഉപയോഗിച്ച് മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top