News Desk

2021-03-14 11:30:07 am IST

ദോഹ: ഖത്തറില്‍ ഈ സീസണില്‍ ശൈത്യകാല പച്ചക്കറി ചന്തകളില്‍ ഇതുവരെ വിറ്റത് 8,000 ടണ്‍ പച്ചക്കറി. 2020 ഒക്ടോബര്‍ അവസാനം മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കണക്കാണിത്. മുന്‍ സീസണേക്കാള്‍ 34 ശതമാനമാണ് വര്‍ധന.

അല്‍ മസ്രുഅ, അല്‍ഖോര്‍-അല്‍ തക്കീറ, അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നീ അഞ്ചു ശൈത്യകാല ചന്തകളിലെ വില്‍പനയാണിത്. 2012-ല്‍ മൂന്നു ചന്തകളിലായി തുടങ്ങിയ വില്‍പനയാണ് അഞ്ചായി ഉയര്‍ന്നത്.

പ്രാദേശിക ഉല്‍പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കാനും ഫാം ഉടമകള്‍ക്കായി വിപണന രീതികള്‍ മെച്ചപ്പെടുത്താനുമായി വിവിധ പദ്ധതികളും സംരംഭങ്ങളുമാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം നടപ്പാക്കിയിരിക്കുന്നതെന്ന് കാര്‍ഷിക വകുപ്പ് അസി. ഡയറക്ടര്‍ അദേല്‍ അല്‍ കല്‍ദി അല്‍ യാഫി വ്യക്തമാക്കി. 

മധ്യസ്ഥരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് ശൈത്യകാല ചന്തകളിലൂടെ ലഭിക്കുന്നത്. 159 ഫാമുകളാണ് ഇത്തവണത്തെ സീസണിലുള്ളത്. 2017-ല്‍ ആരംഭിച്ച പ്രീമിയം പച്ചക്കറി പദ്ധതി, 2018-ല്‍ ആരംഭിച്ച ഖത്തര്‍ ഫാം പ്രോഗ്രാം എന്നിവയുടെ കീഴിലുള്ള വില്‍പന അല്‍മീറ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേനയാണ്. 

രണ്ടു പ്രോഗ്രാമുകളിലായി 150 ഫാമുകളുടെ പങ്കാളിത്തത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ 7,000 ടണ്‍ പച്ചക്കറികളാണ് വിറ്റത്.

ഹസാദ് ഫുഡ്സിന്റെ അനുബന്ധ കമ്പനിയായ മഹാസീല്‍ മാര്‍ക്കറ്റിങ്-കാര്‍ഷിക സര്‍വീസ് മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച വില്‍പന പദ്ധതിയില്‍ 350-ല്‍ അധികം ഫാമുകളുടെ പങ്കാളിത്തമാണുള്ളത്. രാജ്യത്തെ 95 ശതമാനം വില്‍പനശാലകളിലൂടെയും മഹാസീല്‍ വിപണനം പുരോഗമിക്കുന്നുണ്ട്. 

ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏകദേശം 90 ലക്ഷം കിലോ പച്ചക്കറികളാണ് വിപണിയില്‍ വിതരണം ചെയ്തത്. വിവിധ പദ്ധതികളിലൂടെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top