News Desk

2021-03-01 09:04:20 pm IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ദിവസം വില്‍ക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തില്‍ ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഒന്നര ലക്ഷം കട ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ കര്‍ശനമായ വിദേശ നിക്ഷേപ ചട്ടങ്ങള്‍ മറികടക്കാന്‍ ഇവര്‍ വര്‍ഷങ്ങളായി ഇന്ത്യയിലെ ഒരു ചെറിയ കൂട്ടം വില്‍പ്പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയാണെന്ന് കത്തില്‍ കട ഉടമകള്‍ ആരോപിക്കുന്നു. നേരായ രീതിയിലല്ല ഇവര്‍ ഇന്ത്യയില്‍ കച്ചവടം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും അതുവരെ ഇവരുടെ ഇന്ത്യയിലെ കച്ചവടം തടയാനും നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ആമസോണിലെ 400000ലധികം ഇന്ത്യന്‍ സെല്ലേഴ്‌സില്‍ 35ഓളം പേരാണ് 2019ല്‍ ഇന്ത്യയിലെ ആകെ മൊബൈല്‍ വില്പനയുടെ മൂന്നില്‍ രണ്ടും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം ഒരു സെല്ലറുടെ ആകെ മൊബൈല്‍ ഫോണ്‍ വില്പന പരമാവധി അഞ്ച് ലക്ഷം രൂപ വരെ എന്ന് നിജപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് ഫോണ്‍ വില്‍പ്പനയെക്കുറിച്ച് റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മൊബൈല്‍ കടയുടമകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. 2012നും 2019നും ഇടയിലുള്ള ആഭ്യന്തര ആമസോണ്‍ രേഖകളെ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട്. കമ്പനിയുടെ നടപടികളെക്കുറിച്ച് അന്വേഷണം ഉണ്ടാകുന്നതുവരെ 'ഇന്ത്യയിലെ ആമസോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തണമെന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരോ ഫ്‌ളിപ്കാര്‍ട്ടോ ആമസോണോ പ്രതികരിച്ചിട്ടില്ല. ഇത് ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്നുണ്ടെന്നും ഇത് എല്ലാ വില്‍പ്പനക്കാരെയും ന്യായമായും സുതാര്യമായും വിവേചനരഹിതമായും കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ ആമസോണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top