News Desk

2021-03-29 05:06:32 pm IST
ദോഹ: ഖത്തറിലുടനീളമുള്ള 27 ആരോഗ്യ കേന്ദ്രങ്ങളില്‍ മൊഡോണ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) അറിയിച്ചു.

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (ക്യു.എന്‍.സി.സി), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനു കീഴില്‍ ലുസൈല്‍ സിറ്റിയിലും അല്‍ വക്രയിലുമുള്ള ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവ ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരിയിലാണ് പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്ത് മൊഡേണ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ആദ്യം ഫൈസര്‍ വാക്‌സിനായിരുന്നു മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി, ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് വാക്സിനിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് മൊഡേണയുടെ കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കിയത്. 

ഖത്തറില്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ കൊവിഡ് അണുബാധ തടയുന്നതില്‍ 95 ശതമാനം ഫലപ്രാപ്തി നല്‍കുന്നതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമ്യ അബ്ദുല്ല പറഞ്ഞു. 

കുത്തിവെയ്പ്പ് എടുത്ത സ്ഥലത്ത് വേദന, ക്ഷീണം, തലവേദന, പേശി വേദന എന്നിവയാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സാധാരണയായി ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍.

ഇതില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പനി കാണപ്പെടാറുള്ളു. അതേസമയം, ഫൈസര്‍, മോഡേണ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസിന് ശേഷം പാര്‍ശ്വഫലങ്ങള്‍ കൂടുതലായി കാണപ്പെടുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

ഈ പാര്‍ശ്വഫലങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിന്റെ അടയാളമാണ്. വാക്‌സിന്‍ സുരക്ഷിതമല്ലെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. ഈ വാക്‌സിനുകള്‍ സ്വീകരിച്ച ശേഷം ഗുരുതരവും ദീര്‍ഘകാലവുമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോ. സാമ്യ പറഞ്ഞു.

നിലവില്‍, 16 വയസിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം, മൊഡേണ വാക്‌സിന്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് മാനദണ്ഡം അനുസരിച്ച് അധികൃതര്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ബന്ധപ്പെടും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top