News Desk

2021-11-16 07:04:52 pm IST
ഇസ്ലാമാബാദ്: ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സെമി ഫൈനല്‍ വരെ എത്തിയ ടീം ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും പാക് ടീം വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. 

നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുര്‍ന്ന് ഐസിയുവിലായിരുന്ന അദ്ദേഹം നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങുമോ എന്ന് പോലും സംശയമായിരുന്നു. പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് റിസ്വാനെ ചികിത്സിച്ചത് മലയാളി ഡോ. സഹീര്‍ സൈനുലാബ്ദനീന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇപ്പോള്‍ റിസ്വാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടറും സംഘവും പറഞ്ഞു.

'ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ എനിക്ക് ശരിയായ രീതിയില്‍ ശ്വാസമെടുക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ശ്വാസനാളം ചുരുങ്ങിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചിലവഴിച്ച ദിവസങ്ങളെക്കുറിച്ച് പറയുകയായിരുന്നു റിസ്വാന്‍.

ഡോക്ടര്‍മാരോട് എനിക്ക് കളിക്കാന്‍ ഇറങ്ങണം എന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ കിടക്കണമെന്ന് നഴ്‌സുമാരില്‍ ഒരാള്‍ എന്നെ അറിയിച്ചു. അതെന്നെ വിഷമിപ്പിച്ചു.'- റിസ്വാന്‍ പറഞ്ഞു.

ആശുപത്രിയില്‍ കിടക്കുന്ന ഓരോ നിമിഷവും എന്റെ മനസില്‍ സെമി ഫൈനലായിരുന്നു. ഒരു ദിവസം ഡോക്ടര്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ സെമി ഫൈനല്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്. ആ വാക്കുകള്‍ എനിക്ക് പ്രചോദനമായി.'- റിസ്വാന്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും താരത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. അണുബാധ മാറിയതായും പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിലൊക്കെ ഉപരി സെമിയില്‍ കളിച്ചേ മതിയാകൂവെന്ന ആത്മവിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു താരം. 

'മുജെ ഖേല്‍നാ ഹേ, ടീം കെ സാഥ് രഹ്നാ ഹേ, (എനിക്ക് കളിക്കണം, ടീമിനൊപ്പം നില്‍ക്കണം) എന്നായിരുന്നു ഐ.സി.യുവില്‍ കഴിഞ്ഞ 35 മണിക്കൂറുകള്‍ക്കിടെ ഡോക്ടര്‍മാരെ കണ്ടപ്പോഴൊക്കെ റിസ്വാന് പറയാനുണ്ടായിരുന്ന അഭ്യര്‍ത്ഥനയെന്ന് ഡോ. സഹീര്‍ പറഞ്ഞിരുന്നു.

ഇതിനിടെ ആരോഗ്യനില മെച്ചപ്പെട്ട റിസ്വാന്‍ വ്യാഴ്യാച കളത്തിലിറങ്ങുമെന്ന് ടീം പ്രഖ്യാപിച്ചു. സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ 52 ബോളില്‍ 67 റണ്‍സെടുത്ത റിസ്വാന്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്ണെടുക്കുന്ന ആദ്യ താരമെന്ന ലോകറെക്കോര്‍ഡും സ്ഥാപിച്ചു.

മത്സരത്തിന് ശേഷം, ആരോഗ്യപരമായും മാനസികപരമായും തനിക്ക് പിന്‍തുണ നല്‍കിയ ഡോ.സഹീറിനെ തേടി റിസ്വാന്റെ അപ്രതീക്ഷിത സമ്മാനവും എത്തിയിരുന്നു. റിസ്വാന്റെ പേരിന് മുകളില്‍ കയ്യൊപ്പ് പതിപ്പിച്ച പാക് ടീമിന്റെ 16-ാം നമ്പര്‍ ജേഴ്സിയായിരുന്നു അത്. പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാന്‍ ഏല്‍പ്പിച്ച സമ്മാനത്തിന്റെ കാര്യം അറിയിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCHTop