News Desk

2021-03-08 07:01:00 pm IST
മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര വനിതാദിനത്തില്‍ ആശംസ നേര്‍ന്ന നടന്‍ മോഹന്‍ലാലിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ വിവാദ ആശംസകള്‍.

നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ മനുസ്മൃതിയെ സംബന്ധിച്ച് ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്രയും സ്ത്രീവിരുദ്ധമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ഗ്രന്ഥത്തില്‍ നിന്ന് തന്നെ വേണമായിരുന്നോ വനിതാ ദിനാശംസ എന്നാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെയുള്ള കമന്റുകള്‍. 

അതോടൊപ്പം മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനേയും പോസ്റ്റിന് കീഴില്‍ വിമര്‍ശിക്കുന്നുണ്ട്.

'സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മവും ഫലപ്രാപ്തിയിലെത്തില്ല എന്ന് അര്‍ത്ഥം വരുന്ന മനുസ്മൃതിയിലെ വരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്'. ഒപ്പം #womensday2021 ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.



Top