News Desk

2021-03-28 05:31:11 pm IST

ദോഹ: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വീണ്ടും ഓര്‍മിപ്പിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെയാണ് സൈബര്‍ കുറ്റകൃത്യങ്ങല്‍ക്കുള്ള രാജ്യത്തെ ശിക്ഷ. കുറ്റകൃത്യത്തിനനുസരിച്ച് 10,000 റിയാല്‍ മുതല്‍ 500,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. 

ഹാക്കിങ്, ബ്ലാക്ക് മെയിലിങ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങി എല്ലാ വിധ തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റല്‍ ഫോറന്‍സിക് ലാബ്, ഇക്കണോമിക്, സൈബര്‍ ക്രൈം വകുപ്പ് ഓഫിസര്‍ ഫസ്റ്റ് ലഫ. എന്‍ജിനീയര്‍ അബ്ദുല്ലസീസ് മുഹമ്മദ് അല്‍കാബി വ്യക്തമാക്കി. 

സൈബര്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എങ്ങനെ പ്രതിരോധിക്കാമെന്ന വിഷയത്തില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാറിലാണ് ശിക്ഷാ നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

അനുമതിയില്ലാതെയുള്ള ഫൊട്ടോഗ്രഫിയും കുറ്റകരമാണ്. അപകടങ്ങള്‍ മാത്രമല്ല, സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്ന തരത്തില്‍ ക്യാമറകളിലും മൊബൈല്‍ ഫോണിലും ഫൊട്ടോ എടുത്താല്‍ പരമാവധി രണ്ടു വര്‍ഷം വരെ തടവും 10,000 റിയാലില്‍ കുറയാത്ത പിഴയും ചുമത്തും. 

ഇ-മെയില്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ നമ്പര്‍, ബാക്ക്-അപ് ഇ-മെയില്‍ തുടങ്ങി കൂടുതല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സുരക്ഷയും ഉറപ്പാക്കണം. കുട്ടികള്‍ മൊബൈല്‍ ഫോണും കംപ്യൂട്ടറുകളും ഇന്റര്‍നെറ്റുമെല്ലാം ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്നും അല്‍കാബി നിര്‍ദേശിച്ചു. 

ഖത്തര്‍ ഐഡി നമ്പര്‍, അല്ലെങ്കില്‍ പകര്‍പ്പ് മറ്റുള്ളവര്‍ക്ക് കൈമാറുന്നത് അപകടകരമാണ്. ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരയാകാതിരിക്കാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകേണ്ടി വന്നാല്‍ അക്കാര്യം ഉടനടി അധികൃതരെ അറിയിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top