News Desk

2021-04-13 02:08:56 pm IST

ദോഹ: റമദാന്‍ മാസത്തില്‍ വണ്ടി ഓടിക്കുന്നതിന് നിര്‍ദേശങ്ങളുമായി ഖത്തര്‍ ട്രാഫിക് വിഭാഗം. വാഹനമോടിക്കാന്‍ അനുവദിച്ച സമയങ്ങള്‍ ട്രക്കുകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാബിര്‍ മുഹമ്മദ് അദീബ് പറഞ്ഞു.

ഇതിനായി നഗരങ്ങളിലേയും മറ്റു റോഡുകളിലേയും പ്രവേശന കവാടങ്ങളിലും പുറത്തും പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ 7:30 മുതല്‍ 10 മണി വരെ, 12:30 മുതല്‍ മൂന്നു മണി വരെ, വൈകീട്ട് 5:30 മുതല്‍ 12:00 മണി വരെയാണ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡില്‍ നിന്നും രക്ഷ നേടാന്‍ വാഹനം ഓടിക്കുന്നവര്‍ മാസ്‌ക് ധരിക്കനമെന്നും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ജാബിര്‍ മുഹമ്മദ് അദീബ് പറഞ്ഞു.

അതേസമയം, റമദാന്‍ മാസത്തില്‍ സേവനങ്ങള്‍ എളുപ്പത്തില്‍ നല്‍കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തിയാക്കിയാതായും അദ്ദേഹം പറഞ്ഞു. 

മദീനത്ത് ഖലീഫ ട്രാഫിക് വകുപ്പ് രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും. സാങ്കേതിക പരിശോധനാ വകുപ്പുകള്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് നാലു മണി വരെ പ്രവര്‍ത്തിക്കും. വെള്ളിയും ശനിയും അവധിയായിരിക്കും.

റമദാന്‍ മാസത്തില്‍ റോഡ് സുരക്ഷയുടെ തോത് ഉയര്‍ത്തുന്നതിനായി ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവയൊക്കെയും. 

കേന്ദ്ര മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കല്‍, കുട്ടികളെ നിരീക്ഷിക്കല്‍, ഡെലിവറി ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണം, ചെറുപ്പക്കാരില്‍ ട്രാഫിക് സുരക്ഷാ അവബോധമുണ്ടാക്കുന്ന പ്രഭാഷങ്ങള്‍ തുടങ്ങിയവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top