News Desk

2021-03-22 04:30:40 pm IST

ദോഹ: കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് അതേത്തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും അധികൃതരെ അറിയിക്കാനും പരസ്പരം പങ്കുവയ്ക്കാനും സംവിധാനവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 

വാക്സിനുവേണ്ടി രജിസ്ട്രേഷന്‍ ചെയ്ത ആരോഗ്യ മന്ത്രാലയത്തിന്റെ അതേ വെബ്സൈറ്റില്‍ https://vaccinefeedback-covid19.moph.gov.qa/Home/Index എന്ന ലിങ്ക് വഴിയാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. 

യൂസര്‍ നെയിമായി ഖത്തര്‍ ഐഡിയും പാസ്വേഡും നല്‍കിയാണ് വെബ്സൈറ്റല്‍ പ്രവേശിക്കേണ്ടത്. വാക്സിനെ കുറിച്ചുള്ള മറ്റെല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ നിന്നുള്ള അനുഭവങ്ങള്‍ ശേഖരിക്കുകയെന്നത് തുടര്‍ നടപടികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. 

ഓരോ ഡോസ് കഴിഞ്ഞാലുമുണ്ടായേക്കാവുന്ന പാര്‍ശ്വ ഫലങ്ങള്‍ വ്യത്യസ്തമായതിനാല്‍ രണ്ട് ഡോസിനെയും കുറിച്ചുള്ള പ്രതികരണം ഒന്നിച്ച് രേഖപ്പെടുത്തുന്നതിനു പകരം ഓരോ ഡോസിനു ശേഷവുമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും മന്ത്രാലയം അറിയിച്ചു. 

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിന്‍ എടുത്ത ശേഷം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ 999-ലേക്ക് വിളിച്ച് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഖത്തറിലെ ഓരോ ആറ് പേരിലും ഒരാള്‍ എന്ന രീതിയില്‍ രാജ്യത്ത് ഇതിനകം വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചുകഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

16 വയസ്സിന് മുകളിലുള്ള ആകെ ജനസംഖ്യയുടെ 18.2 ശതമാനം പേരാണ് ഇതിനകം വാക്സിന്‍ എടുത്തത്. ഇതിനകം 594,613 പേരാണ് ഖത്തറില്‍ വാക്സിന്‍ കുത്തിവച്ചത്. ഇതില്‍ 134,498 പേരും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് വാക്സിന്‍ സ്വീകരിച്ചത്. 

അതേസമയം, രാജ്യത്തെ 60 വയസ്സ് കഴിഞ്ഞവരില്‍ 66.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു. 70-ന് മുകളിലുള്ളവരിലെ 69.4 ശതമാനവും 80നു മുകളിലുള്ളവരിലെ 70 ശതമാനവും ആളുകള്‍ ഇതിനകം വാക്സിനെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top