News Desk

2021-04-22 02:02:20 pm IST

ദോഹ: ഖത്തറില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുന്ന തൊഴിലാളികള്‍ക്കുള്ള അസുഖാവധി (sick leave) സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഏപ്രില്‍ 21 മുതല്‍ മാര്‍ഗനിര്‍ദേശം നിലവില്‍ വന്നു. 

പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ തൊഴിലാളികള്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണം. ടെസ്റ്റ് നടത്തി എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാത്ത അണുബാധയാണെങ്കില്‍ ഏഴു ദിവസം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി. ഈ സമയത്ത് ഇഹ്തിറാസ് ആപ്പില്‍ ചുവപ്പ് സ്റ്റാറ്റസ് ആയിരിക്കും കാണിക്കുക. ഈ കാലഘട്ടത്തെ 'അസുഖ അവധി' ആയി കണക്കാക്കും. 

ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നാലും ഐസൊലേഷന്‍ കാലാവധി 14 ദിവസത്തില്‍ കൂടേണ്ടി വന്നാലും രോഗം പൂര്‍ണമായും മാറുന്നത് വരെ 'അസുഖ അവധി' അനുവദിക്കണം. 

കൊവിഡ് രോഗിയുമായി അടുത്തിടപഴകിയ തൊഴിലാളി രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുകയോ ആറു മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വന്നുപോകുകയോ ചെയ്തതാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലം ലഭിക്കുന്നത് വരെയുള്ള ഒരു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കൂടാതെ കൊവിഡിനു സമാനമായ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് 14 ദിവസത്തേയ്ക്ക് സ്വയം നിരീക്ഷിക്കണം. 

വാക്‌സിന്‍ എടുത്തിട്ടില്ലാത്തവരും മുമ്പ് കൊവിഡ് വാരാത്തവരും കൊവിഡ് രോഗിയുമായി അടിത്തിടപഴകിയാല്‍ അവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. പകരാന്‍ സാധ്യതയില്ലാത്ത കൊവിഡുള്ള വ്യക്തിയുമായാണ് സമ്പര്‍ക്കം പുലര്‍ത്തിയതെങ്കില്‍ ഏഴു ദിവസത്തെ ക്വാറന്റൈന്‍ മതിയാകും. ക്വാറന്റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും. 

ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ രോഗ ലക്ഷണം ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. ക്വാറന്റൈന്‍ അവസാനിക്കുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയായിരിക്കും. ഇതിനു ശേഷം തൊഴിലാളിക്ക് ജോലിയ്ക്കു പോയി തുടങ്ങാം. 

ഈ കാലഘട്ടത്തെ ക്വറന്റൈന്‍ കാലാവധി എന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വിളിക്കുന്നത്. ഇത് അസുഖ അവധി ആയി കണക്കാക്കില്ല. പകരം വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം. 

അതേസമയം, ജോലി സ്ഥലത്തെ പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു. തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര ജോലിസ്ഥലവും നല്ല വായുസഞ്ചാരവുമുള്ള സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കണം.

ഒപ്പം തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാര്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളികളെ ഐസൊലേഷനില്‍ പറഞ്ഞയക്കുകയും വേണം. 

അതേസമയം, ജീവനക്കാരുടെ അവധിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും  ഭരണ വികസന, തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top