News Desk

2021-03-04 12:53:43 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയുടെ പ്രായപരിധി 50 ആക്കി കുറച്ചു. വാക്സിന്‍ സ്വീകരിക്കാനുള്ള മുന്‍ഗണനാ പട്ടികയിലെ പ്രായപരിധി 60 ആയിരുന്നതാണ് 50 ആക്കി കുറച്ചത്. 50 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അധികൃതരുടെ സന്ദേശം ലഭിക്കുന്നതനുസരിച്ച് വാക്സിന്‍ എടുക്കാം. 

കൊവിഡ് വാക്സിന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ച്ച് 21 മുതല്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ മൊബൈലിലെ ഇഹ്തിറാസ് ആപ്പില്‍ വാക്സിനേറ്റഡ് സ്റ്റാമ്പ് ഉണ്ടായിരിക്കണം അല്ലെങ്കില്‍ വാക്സിനേഷന്‍ കാര്‍ഡ് ഹാജരാക്കുകയോ വേണം. 

വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ എല്ലാ ആഴ്ചയിലും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തുകയും വേണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്തെ എല്ലാ സ്‌കൂള്‍ ഉദ്യോഗസ്ഥരും വാക്സിന്‍ എടുക്കണമെന്നും സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള മുന്‍ഗണന മാര്‍ച്ച് അവസാനം വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ താല്‍ക്കാലിക കൊവിഡ് വാക്സിനേഷന്‍ കേന്ദ്രത്തിലാണ് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള വാക്സിനേഷന്‍ പുരോഗമിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top