News Desk

2021-02-05 03:21:36 pm IST
ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം പ്രചാരണം ആരംഭിച്ചു. രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും സര്‍ക്കാരിന് മാത്രമല്ല, ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സോഷ്യല്‍ മീഡിയ കാംപയിനിലൂടെ മന്ത്രാലയം ജനങ്ങളോട് പറഞ്ഞു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. ഈ ഘട്ടത്തില്‍ എന്തൊക്കെ സുരക്ഷ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.

വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ പതിവായി കഴുകണം. ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു ഉപയോഗിച്ച് മൂക്കും വായയും മൂടുകയും ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച ശേഷം കൈകള്‍ കഴുകുകയും വേണം. കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രമേ  കണ്ണിലും മൂക്കിലും വായിലുമെല്ലാം സ്പര്‍ശിക്കാവൂ. ശ്വാസ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അകലം പാലിക്കണം. പനിയും ചുമയും ഉള്ളവര്‍ മറ്റുള്ളവരുമായി അകലം പാലിക്കണം. മൂക്കില്‍ ചുംബിക്കുക, ഹസ്തദാനം നല്‍കുക തുടങ്ങിയ സാമൂഹിക ശീലങ്ങളും  ഒഴിവാക്കാം.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവ കൊവിഡിന്റെ ലക്ഷണങ്ങള്‍ ആണെങ്കിലും ശൈത്യമായതിനാല്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഹോട്ട്‌ലൈന്‍ നമ്പര്‍ ആയ 16000 ത്തില്‍ വിളിച്ച് അധികൃതരെ അറിയിക്കേണ്ടത് ഓരോ വ്യക്തികളുടെയും സാമൂഹിക ഉത്തരവാദിത്തമാണ്. ആംബുലന്‍സ് സഹായം ആവശ്യമുണ്ടെങ്കില്‍ 999 എന്ന നമ്പറിലും അറിയിക്കണം.

സമൂഹത്തിലെ ഓരോ വ്യക്തികളും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. വയോധികര്‍, ഗര്‍ഭിണികള്‍, വൃക്ക-ഹൃദയ-ശ്വാസകോശ  സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവര്‍ എന്നിവരെല്ലാം അല്‍പം കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണിവര്‍ എന്നതിനാല്‍ വീടിന് പുറത്ത് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മറ്റുള്ളവരുടെ വസ്ത്രങ്ങള്‍, ഗ്ലാസ്, ഭക്ഷണം എന്നിവയൊന്നും പങ്കിടരുത്. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

വീടിന് പുറത്ത് പോയി മടങ്ങിയെത്തുമ്പോള്‍ ഒരു വസ്തുവിലും സ്പര്‍ശിക്കരുത്. വളര്‍ത്തുമൃഗങ്ങളുമായാണ് പുറത്ത് പോയതെങ്കില്‍ അവയെ അണുവിമുക്തമാക്കിയ ശേഷമേ അകത്തേക്ക് കയറ്റാവൂ. ധരിച്ച വസ്ത്രങ്ങള്‍ ഊരി അലക്കാനായി മാറ്റണം. ഷൂസും അണുവിമുക്തമാക്കണം. വീടിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന് ഒരു പെട്ടി വെച്ചാല്‍ പുറത്തുപോയി വന്നാല്‍ ഉടന്‍ ബാഗ്, പേഴ്സ്, താക്കോല്‍ എന്നിവയെല്ലാം ഈ പെട്ടിയില്‍ നിക്ഷേപിക്കാം. അണുവിമുക്തമാക്കിയ ശേഷമേ തിരികെ എടുക്കാവൂ.

ഫേസ് മാസ്‌ക് നിര്‍ബന്ധം. കുട്ടികളുമായി ഷോപ്പിങ് പോകുന്നത് ഒഴിവാക്കാം. കഴിവതും ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം പോകുക. വാങ്ങിക്കേണ്ട സാധനങ്ങളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുക. പനി, ചുമ എന്നിവ ഉള്ളവര്‍ ഷോപ്പിങ് നടത്തരുത്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രം സാധനങ്ങള്‍ വാങ്ങുക. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് കാറും ഷോപ്പിങ് ബാസ്‌ക്കറ്റും അണുവിമുക്തമാക്കുക. ഷോപ്പിങ് നടത്തുമ്പോള്‍ ഡിസ്പോസബിള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുക.  ഷോപ്പിങ്ങിനിടെ മുഖത്ത് സ്പര്‍ശിക്കരുത്. കറന്‍സിക്ക് പകരം ബാങ്ക് കാര്‍ഡ് നല്‍കുക. കാര്‍ഡ് പിന്‍ നമ്പര്‍ അടിക്കുമ്പോള്‍ ടിഷ്യു ഉപയോഗിക്കുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCHTop