News Desk

2021-04-25 10:43:14 am IST
ദോഹ: രാജ്യത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളില്‍ പോകുന്നവര്‍ക്ക് നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ലുസൈലിലും വക്രയിലുമുള്ള ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

ഇതിനകം 1,10,000 പേരാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളിലെത്തി രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. തിരക്ക് മൂലം മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. 

അതിനാല്‍ ഡ്രൈവ് ത്രൂ സെന്ററുകളിലേക്ക് വരുന്നവര്‍ വെള്ളം, ലഘുഭക്ഷണങ്ങള്‍, ആവശ്യത്തിനുള്ള ഇന്ധനം തുടങ്ങിയ മുന്നൊരുക്കങ്ങളോട് കൂടി വരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍: 

1. റമദാനില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ അര്‍ധരാത്രി വരെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം. രാത്രി 11 വരെയാണ് അവസാനത്തെയാള്‍ക്ക് പ്രവേശനം. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ ഗേറ്റ് കുറച്ചുകൂടി നേരത്തേ അടക്കാന്‍ സാധ്യതയുണ്ട്.

2. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ മാത്രമാണ് ഇങ്ങോട്ട് വരേണ്ടത്. ഫസ്റ്റ് ഡോസ് എടുത്തതിന്റെ വാക്സിനേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം.

3. വാഹനത്തിലിരുന്നാണ് ഇവിടെ വാക്സിന്‍ നല്‍കുക. പരമാവധി ഒരു കാറില്‍ നാലു പേര്‍ മാത്രം

4. ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷവും മൊഡേണ ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷവുമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്.

5. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഇവിടെ പ്രവേശനം. തിരക്കുള്ള സമയങ്ങളില്‍ അധിക നേരം കാത്തുനില്‍ക്കേണ്ടിവരും. ഇതിനായി മുന്നൊരുക്കങ്ങള്‍ നടത്തണം.
 
-കാത്തിരിപ്പ് നീളുകയാണെങ്കില്‍ കുടിക്കാനായി വെള്ളവും ലഘുഭക്ഷണവും കരുതുക.

-കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ കൈയില്‍ പുസ്തകമോ കാര്‍ സ്റ്റീരിയോയില്‍ കേള്‍ക്കാനുള്ള എന്തെങ്കിലുമോ കരുതുക.

-സാധ്യമെങ്കില്‍ കുട്ടികളെ കൊണ്ടുവരാതിരിക്കുക. കൂടുതല്‍ കാത്തിരിക്കേണ്ടി വന്നാല്‍ കുട്ടികള്‍ അസ്വസ്ഥരായേക്കാം.

-വാഹനത്തില്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പിക്കുക.

-അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് മറ്റ് അപ്പോയിന്‍മെന്റുകളൊന്നുമില്ലാത്ത നേരം നോക്കി വരാന്‍ ശ്രദ്ധിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top