News Desk

2021-04-07 12:53:19 pm IST
കണ്ണൂര്‍:  മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള സി.പി.എം പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് സ്റ്റാറ്റസാണ് പുറത്തുവന്നത്.  

ഇന്നലെ തെരഞ്ഞെടുപ്പിന് ശേഷം കൂത്തുപറമ്പില്‍ നടന്ന ലീഗ്-സി.പി.ഐ.എം സംഘര്‍ഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്. 'സഖാവിനെ ആക്രമിച്ച മുസ്ലിംലീഗിന്റെ ചെന്നായക്കൂട്ടങ്ങളെ, നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും', എന്നാണ് സ്റ്റാറ്റസ്.

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നും എന്നാല്‍ ഒന്നുമുണ്ടായില്ലെന്നും ലീഗ് ആരോപിച്ചു. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ലീഗ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പിലെ 149-ാം ബൂത്തില്‍ വച്ചായിരുന്നു ഭീഷണി. ഓപ്പണ്‍വോട്ട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. 

സംഭവത്തില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഷിനോസ് പിടിയിലായിട്ടുണ്ട്. രാത്രി എട്ടുമണിയോടെ മൻസൂറിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിനു മുന്നിൽ ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ വെട്ടിയത്. മൻസൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂർ പുലർച്ചയോടെ മരിച്ചു.

അക്രമി സംഘത്തില്‍ 15 പേരുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top