News Desk

2021-04-21 02:18:00 pm IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. 

സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതിയെന്നും ഉന്നത തലയോഗത്തില്‍ തീരുമാനമായി. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പരിശോധന, നിരീക്ഷണം, നടപടികള്‍ എന്നിവ ശക്തമാക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ ഒമ്പതു മണി വരെ പ്രവര്‍ത്തിക്കാനനുവദിക്കും. പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പൊലീസിനെയും വിന്യാസിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്സീന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉള്‍പ്പെടെ അഞ്ചരലക്ഷം വാക്‌സിന്‍ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.

ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യം. അതേസമയം, നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സിന്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം 30-തോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50000-ത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top