News Desk

2021-05-23 11:45:16 am IST

അബുദാബി: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് യു.എ.ഇ ഏവിയേഷന്‍ അധികൃതരുടെ നിലപാട്.

യാത്രാ വിലക്ക് നിലവില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് അടിയന്തരമായി യു.എ.ഇയിലെത്തേണ്ടവര്‍ ആശ്രയിക്കുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളെയാണ്. പരമാവധി എട്ട് യാത്രക്കാര്‍ക്കാണ് ഇത്തരം വിമാനങ്ങളില്‍ യു.എ.ഇയില്‍ എത്താന്‍ കഴിയുക. 

എന്നാല്‍ സീറ്റ് അടിസ്ഥാനത്തില്‍ ഓരോ യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുക ഈടാക്കി സര്‍വീസ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് യു.എ.ഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. ഈ വിമാനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സ്വകാര്യ വിമാനങ്ങളോ ബിസിനസ് വിമാനങ്ങളോ ആയിരിക്കണമെന്നാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന. 

ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടത് എന്ന നിര്‍ദേശം അധികൃതര്‍ കര്‍ശനമാക്കുകയാണ്.

35 പേരില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ക്ക് ഉപയോഗിക്കരുത്. എട്ട് പേരില്‍ കൂടുതല്‍ ആളുകളുമായി വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top