News Desk

2022-05-17 07:37:28 pm IST
മസ്‌കത്ത്:  ഒമാനില്‍ പെരുന്നാള്‍ അവധിദിനങ്ങളില്‍ നഗരങ്ങളില്‍നിന്ന് ശേഖരിച്ചത് 6,600 ടണ്ണിലധികം ഖരമാലിന്യങ്ങള്‍. ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ദിവസങ്ങളില്‍ ഏകദേശം 30 ശതമാനം വര്‍ധനവാണ് മാലിന്യത്തില്‍ ഉണ്ടായിരിക്കുന്നത്. 

ഇതേതുടര്‍ന്ന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനിക്ക് ഏപ്രില്‍ 30മുതല്‍ മേയ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ അതിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇരട്ടിയാക്കേണ്ടി വന്നു. ഇതുവഴി  40,000 ടണ്ണിലധികം നഗര മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പെരുന്നാള്‍ സമയത്ത് മാലിന്യം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് ഓരോ ഗവര്‍ണറേറ്റിലും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും പ്രത്യേക ടീമുകള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പെരുന്നാള്‍ ആഘോഷിക്കാനായി പാര്‍ക്കുകളിലും ബീച്ചുകളിലും എത്തിയവര്‍ മാലിന്യം വലിച്ചെറിഞ്ഞിരുന്നത് അധികൃതര്‍ക്ക് തലവേദനയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയായിരുന്നു സന്ദര്‍ശകര്‍ മാലിന്യം തള്ളിയിരുന്നത്. പെരുന്നാള്‍ ആഘോഷിക്കാനായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ക്കുകളിലും ബീച്ചുകളിലുമായി എത്തിയിരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top