News Desk

2021-04-19 11:33:58 am IST

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങളും വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു. 

'പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കൊവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല.', ജെനസ്ട്രിങ്‌സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡേ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.

രോഗബാധിതരില്‍ 65 ശതമാനം ആളുകളും 45 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'രണ്ടാം തരംഗത്തില്‍ 12-നും 15-നും താഴെ പ്രായമുള്ള കുട്ടികളില്‍ വരെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.', മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗമായ ഖുഷ്‌റവ് ഭജന്‍ പറഞ്ഞു.

രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും ഇവ കൂടുതല്‍ അപകടകാരിയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും മതിയാകില്ലെന്നും ദീര്‍ഘകാലത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പേടുത്തിയാല്‍ മാത്രമേ കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ സാധിക്കൂവെന്നും ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗര്‍വാള്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top