News Desk

2021-04-20 11:27:14 am IST
വഡോദര: ഗുജറാത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാന്‍ സാധിക്കാത്തതിനാല്‍ വഡോദരയിലെ ജഹാംഗീര്‍പുരയില്‍ മുസ്‌ലിം പള്ളി 50 കിടക്കകുള്ള കൊവിഡ് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

ചികിത്സ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് രോഗികളുമായി ആശുപത്രികള്‍ക്ക് വെളിയില്‍ ആംബുലന്‍സുകളുടെ നീണ്ട വരിയാണ് വഡോദരയില്‍ കാണപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് പളളി കൊവിഡ് കേന്ദ്രമാക്കി മാറ്റിയത്. 

ഓക്‌സിജന്റെയും ആശുപത്രി കിടക്കകളുടെയും കുറവ് അനുഭവപ്പെട്ടത് കാരണം പള്ളി ഞങ്ങള്‍ കോവിഡ് കേന്ദ്രമാക്കി. പരിശുദ്ധ റമദാനില്‍ ഇതില്‍ പരം നല്ലത് എന്തു ചെയ്യാനാണെന്ന് പള്ളി ട്രസ്റ്റി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. 


അടുത്തിടെയാണ് കോവിഡ് രോഗികളുമായി വന്ന ആംബുലന്‍സുകളുടെ നീണ്ട നിര ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് കണ്ടത്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ കാര്യക്ഷമതയുമായി നീണ്ടവരിയെ ബന്ധപ്പെടുത്തുന്നത് അനീതിയാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തിങ്കളാഴ്ച 11,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 11000 കടക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top