News Desk

2022-01-06 01:43:53 pm IST
മഡ്രിഡ്: കൊവിഡ് വാക്‌സിനേഷന്‍ നല്‍കാതിരിക്കാന്‍ കുട്ടികളെ മാതാവ് തട്ടിക്കൊണ്ടുപോയതായി മുന്‍ ഭര്‍ത്താവിന്റെ പരാതി. വാക്‌സിന്‍ നല്‍കാതിരിക്കാന്‍ 14ഉം 12ഉം വയസ് പ്രായമായ രണ്ടു ആണ്‍കുട്ടികളെയാണ് 46കാരി പിതാവിന്റെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയത്. മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ 46കാരിയെ കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

സ്‌പെയിനിന്റെ തെക്കന്‍ നഗരമായ സെവില്ലേയിലാണ് കുട്ടികളും പിതാവും താമസിച്ചിരുന്നത്. തന്റെ സമ്മതമില്ലാതെ കുട്ടികളെ അമ്മ കടത്തിക്കൊണ്ടുപോയെന്നാണ് പിതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഡിസംബര്‍ പകുതിയോടെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. താന്‍ നവംബര്‍ നാലുമുതല്‍ കുട്ടികളെ കണ്ടിട്ടില്ലെന്നും മക്കളെ കൂട്ടിക്കൊണ്ടുപോയതായി മുന്‍ ഭാര്യയില്‍നിന്ന് കത്ത് ലഭിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണോ എന്ന തീരുമാനിക്കാനുള്ള അവകാശം പിതാവിനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടികളുടെ സ്‌കൂള്‍ മാറ്റാനും അവര്‍ പദ്ധതിയിട്ടിരുന്നതായി പരാതിയില്‍ പറയുന്നു.

കുട്ടികളെയും മാതാവിനെയും ബുധനാഴ്ച രാവിലെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കുട്ടികളെ പിതാവിന് കൈമാറുകയും ചെയ്തതായി സ്‌പെയിനിലെ ഗ്വാര്‍ഡിയ സിവില്‍ പൊലീസ് അറിയിച്ചു. സ്‌പെയിന്‍ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അഞ്ചുവയസുമുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 15 മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top