News Desk

2021-11-25 10:24:07 am IST

ആലുവ: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മൊഫിയയുടെ മാതാവ് ഫാരിസ. ഡി.വൈ.എഫ്.ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു.

'ഡി.വൈ.എഫ്.ഐയുടെ ഒരു നേതാവ് അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് അവള്‍ പറഞ്ഞിരുന്നു. അതാരാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. മോഫിയയെ അവര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവര്‍ നിരന്തരം  പറഞ്ഞപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞത് ഭര്‍ത്താവിനാണ് കൗണ്‍സിലിങ് നല്‍കേണ്ടതെന്നാണ്.'

''അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. അവസാനം വരെ നല്ലരീതിയില്‍ വരുമെന്ന പ്രതീക്ഷയായിരുന്നു അവള്‍ക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തകര്‍ന്നു. 2500 രൂപ വിലയിട്ടാണ് അവന്‍ അവള്‍ക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസിലും നിയമത്തിലും മകള്‍ക്ക് അത്ര വിശ്വാസമായിരുന്നു.'

'മൂന്ന് മാസത്തിനകം അവന്‍ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല്‍ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. അവളുടെ മരണത്തിന് കാരണക്കാരനായ സി.ഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെന്‍ഷന്‍ കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണം.', മോഫിയയുടെ മാതാവ് ആവശ്യപ്പെട്ടു.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണിനെ (23) തിങ്കളാഴ്ച വൈകിട്ടാണ് സ്വവസതിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍ത്തൃമാതാവ് റുഖിയ (55), ഭര്‍ത്തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടില്‍നിന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്തത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top