News Desk

2021-04-10 12:50:37 pm IST
ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. റോഡപകടമുണ്ടായാല്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയോ, ഓടിപ്പോകാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ പൊലീസോ ബന്ധപ്പെട്ടവരോ നിര്‍ദ്ദേശിച്ചതു പ്രകാരം വാഹനം നിര്‍ത്താതെ പോകുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കണ്ടി വരുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ഇത്തരം നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞത് ഒരു മാസം മുതല്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവും അല്ലങ്കില്‍ കുറഞ്ഞത് 10,000 റിയാല്‍ മുതല്‍ പരമാവധി 50,000 റിയാല്‍ വരെ പിഴയും ചുമത്തുന്നതായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് 'ഡ്രൈവര്‍മാര്‍ക്കിടയിലെ പൊതു ഗതാഗത തെറ്റുകള്‍' എന്ന പേരില്‍ നടത്തിയ വെര്‍ച്വല്‍ പത്രസമ്മേളനത്തിലാണ് ഇക്കര്യം പറഞ്ഞത്.

വാഹനോടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രധാന പിഴവ് ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതാണ്. വാഹനമോടിക്കുന്നയാള്‍ സിഗ്‌നല്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ 6,000 റിയാലാണ് പിഴ ഈടാക്കുക.

മറ്റൊരു പ്രധാന വിഷയം കുട്ടികളുടെ സുരക്ഷയാണ്. കുട്ടികള്‍ പിന്‍സീറ്റുകളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ കൂടുതല്‍ സുരക്ഷിതരായിരിക്കുകയുള്ളൂ. ചില മാതാപിതാക്കള്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നു. ഇത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും കുട്ടികളെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 റിയാലാണ് പിഴയീടാക്കുക.

വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങളെ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഇന്റർസെക്ഷനിൽ ബ്ലോക്ക് ഉണ്ടാക്കുക, വേഗത പരിധി കവിയുക എന്നിവയാണ് മറ്റ് ട്രാഫിക് നിയമ ലംഘനങ്ങള്‍. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 500 റിയാലാണ് പിഴ.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ പേരെ അനുവദിക്കരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top