2018-06-12 00:00:00 IST
രേഷ്‌മ പി.എം 
ഗസ: മധ്യപൂർവ ദേശത്തെ ജൂത  രാഷ്ടമായ ഇസ്രയേലും അറബ് രാജ്യയമായ ഫലസ്തീനും  തമ്മിലുള്ള സംഘർഷം  അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗസ അതിർത്തിയിൽ നിന്നുയരുന്ന വായുവിലും കാറ്റിലും ഇപ്പോൾ ചോരയുടെ മണമാണ് .

ഫലസ്തീൻ  പ്രക്ഷോഭകർക്ക് നേരെ ഇസ്രേയൽ സൈന്യം നടത്തിയ അക്രമണത്തിൽ വായിൽ ടിയർഗ്യാസ്  കൊണ്ടുള്ള വെടിയേറ്റ  പലസ്തീൻ പൗരൻ തന്റെ ജീവൻ രക്ഷിക്കാനായി വായിൽ പുകയുന്ന  ഷെല്ലുമായി ഓടുന്ന ചിത്രം ലോകസമൂഹത്തിനിടയിൽ  ചർച്ചയായിരിക്കുകയാണ്.  

റോയിട്ടർ ഫോട്ടോഗ്രാഫറായ ഇബ്രാഹീം അബു മുസ്തഫ പകർത്തിയ ഈ ചിത്രം ഒരു പക്ഷെ വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്നതിന് കാരണമായ 1972 ൽ നിക് ഉട്ട് പകർത്തിയ നാപാം പെൺകുട്ടി എന്ന ചിത്രത്തേക്കാൾ ഭയാനകവും ഭീകരവുമാണ്.

ജൂത അധിനിവേശ സൈന്യവും നിലനിൽപിനായി ജീവൻമരണ പോരാട്ടം നടത്തുന്ന ഇരുവിഭാഗങ്ങൾ തമ്മിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾ തുടരുന്പോൾ  നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നത്  ഇല്ലാതാക്കുന്നത് ആയിരക്കണക്കിന് ജീവനുകളാണ്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഒലീവുകൾ പൂക്കുന്ന അധിനിവേശ താഴ്‌വരയിൽ ഇതുവരെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പെട്ടും ഷെല്ലുകൾ പൊട്ടിത്തെറിച്ചും അംഗഭംഗം വന്ന് ജീവച്ഛവങ്ങളായി ജീവിക്കുന്നവരുടെ എണ്ണം ഇതിലേറെയാണ്. 

ഗാസയിലെ ദുരന്താവസ്ഥയുടെ നേർചിത്രങ്ങൾ അനവധിയാണ്. അടുത്തിടെ റസാന്‍ അല്‍ നജ്ജര്‍ എന്ന ഇരുപത്തിയൊന്നുകാരിയായ  നഴ്സിനെ ഇസ്രേയൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇതേതുടർന്ന്  ശക്തമായ പ്രതിക്ഷേദമാണ് പലസ്‌തീനിൽ അലയടിച്ചത്. ലോകത്താകമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഈ വിഷയം. ഇബ്രാഹിം അബുതുറയ എന്ന ഇരുകാലുകളും നഷ്ടപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നതിന്റെ ദൈന്യചിത്രം മനസ്സിൽ നിന്ന് മായുന്നതിന് മുന്പാണ് റസാന്‍ അല്‍ നജ്ജര്‍ നെഞ്ചിൽ വെടിയേറ്റ് പിടയുന്ന ചിത്രം ലോക മനസാക്ഷിയിൽ ഉൾപിടച്ചിലായി മാറിയത്.

ഈ രണ്ടു സംഭവങ്ങളുടെയും തുടർച്ചയായാണ് പുകയുന്ന വായുമായി മരണവെപ്രാളത്തോടെ ഓടുന്ന യുവാവിന്റെ ചിത്രവും പുറത്തുവരുന്നത്.  ജറുസലേം ദിനത്തോട് അനുബന്ധിച്ചു ഗസ അതിർത്തിയിൽ ഫലസ്തീൻ ജനത നടത്തിയ പ്രതിഷേധത്തിനിടെയാണ്  ഹയ്തം അബു സബ്ല എന്ന യുവാവിന് വായിൽ വെടിയേറ്റത്. ഇവര്‍ക്കു നേരെ ഇസ്രേയൽ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. അതികഠിനമായ വേദനയോടെ പ്രദേശത്ത് ഓടി നടന്ന ഇയാളെ ഗസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഡോക്ടർമാർ. വായിലെ മുറിവും പുറത്തോട്ട് വമിക്കുന്ന പുകയുമായി യുവാവ് ഓടുന്ന ചിത്രം ആരുടെയും കരളലിയിക്കും. '' mouth Bomb" എന്ന പേരിലുള്ള പലസ്‌തീൻ പൗരന്റെ ചിത്രം ഗസയിൽ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലിന്റെ നേർചിത്രം കൂടിയാണ്. 

ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി  അംഗീകരിച്ച അമേരിക്കയുടെ നടപടിയെ തുടർന്നാണ്  ഇസ്രായേൽ - പലസ്തീൻ സംഘർഷം രൂക്ഷമായത്.. ഡൊണാൾഡ് ട്രംപ്  നടത്തിയ ഈ പ്രഖ്യാപനം ഏഴ് പതിറ്റാണ്ടായി തുടരുന്ന കരാറുകളുടെ പരസ്യമായ ലംഘനം കൂടിയായിരുന്നു.. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും അട്ടിമറിച്ചുകൊണ്ടുള്ള  തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ പ്രതിക്ഷേധം അറിയിച്ചിരുന്നു.

പാലസ്തീനിലെ കുഞ്ഞുങ്ങളെയുള്‍പ്പടെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരത നിരവധി തവണ ലോകം ചര്‍ച്ച ചെയ്തതാണ്. അമേരിക്കന്‍ പിന്തുണയോടെ  ഇസ്രായേൽ  മേഖലയിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്കെതിരെ യു.എൻ മനുഷ്യാവകാശ സമിതിയോ അറബ് രാജ്യങ്ങളോ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ല എന്നതാണ് ഏറെ പരിതാപകരം. ഗസയിൽ ഇസ്രായേൽ സൈന്യം ദിനംപ്രതി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്പോഴും അറബ് രാജ്യങ്ങളുടെ ഈ വിഷയത്തിലുള്ള പ്രതികരണങ്ങൾ പ്രസ്താവനകളിൽ ഒതുങ്ങുന്നു. ഇസ്രായേലിനെ മുഖ്യശത്രുവായി കണ്ടിരുന്ന സൗദി ഉൾപ്പെടെയുള്ള ചില അറബ് - ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നത് പതിറ്റാണ്ടുകളായി അടിച്ചമർത്തലുകൾ പേറുന്ന ഫലസ്തീൻ ജനതയെ ചോരയിൽ മുക്കികൊല്ലുന്നതിന് സമാനമാണ്.
Top