News Desk

2021-02-11 01:37:41 pm IST
റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹത്ലൂലിനെ വിട്ടയച്ചു. ട്വിറ്ററിലൂടെ ലൗജെയിനിന്റെ സഹോദരിയായ ലിന അല്‍ഹത്‌ലൂലാണ് ഇക്കാര്യം അറിയിച്ചത്. 

ലൗജെയിന്‍ വീട്ടിലാണ് എന്ന കുറിപ്പോടുകൂടിയാണ് വിവരം അവര്‍ പുറംലോകത്തെ അറിയിച്ചത്. ലൗജെയിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ലൗജെയിനിനെതിരെ ചുമത്തിയിരുന്നത്. അഞ്ചു വര്‍ഷവും എട്ട് മാസവും തടവുശിക്ഷ സൗദി തീവ്രവാദ കോടതി വിധിച്ചിരുന്നു. 

മൂന്ന് വര്‍ഷത്തിനു ശേഷമാണ് സൗദി ലൗജെയിനെ മോചിപ്പിച്ചത്. 31 കാരിയായ ഹത്ലൂലിനെ 2018 മെയ് മാസത്തിലാണ് തടവിലാക്കിയത്. റിയാദുമായുള്ള ബന്ധം വീണ്ടും വിലയിരുത്തുമെന്നും രാജ്യവുമായുള്ള ഇടപാടുകളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ലൗജെയിന്‍ ഇതിനോടകം തന്നെ രണ്ടര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും അഞ്ച് വര്‍ഷവും എട്ട് മാസവും കൂടി അവര്‍ക്ക് ശിക്ഷ വിധിക്കുന്ന നടപടി ശരിയല്ലെന്നും ഐക്യരാഷ്ട്ര സഭ സൗദി തീവ്രവാദ കോടതിയുടെ വിധി വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലൗജെയിന്‍, വനിതകള്‍ക്ക് വാഹനമോടിക്കാനുളള അനുവാദം നേടിയെടുക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

വിദേശ സംഘടനകളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ലൗജെയിനിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജി 20 ഉച്ചകോടിയിലും വിഷയം ചര്‍ച്ചയായിരുന്നു.

അറസ്റ്റിനുശേഷം ലൗജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പീഡനവിവരങ്ങള്‍ പുറത്ത് പറയാതിരുന്നാല്‍ മോചിപ്പിക്കാമെന്നും ജയില്‍ അധികൃതര്‍ ലൗജെയിനിനോട് പറഞ്ഞതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top