News Desk

2021-03-20 09:33:02 pm IST
മുംബൈ: കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മുംബൈ. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കൊവിഡ് പരിശോധന നടത്താനാണ് മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകളുടൈ സമ്മതമില്ലാതെ കൊവിഡ് പരിശോധന നടത്തും. ദ്രുത ആന്റിജന്‍ ടെസ്റ്റായിരിക്കും നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ആരെങ്കിലും പരിശോധനയ്ക്ക് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബി.എം.സി മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യമാണ് ഇപ്പോള്‍.

നീണ്ട ഇടവേളക്കു ശേഷം രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നിരുന്നു. നവംബര്‍ 29നു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വെള്ളിയാഴ്ച 39,000നു മേലെയായിരുന്നു കണക്ക്. കഴിഞ്ഞ ആഴ്ചയോടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 20,000നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങുന്നത്. 

വൈറസ് ബാധ പിടിവിട്ട ചില പട്ടണങ്ങളില്‍ ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും എണ്ണം കുതിച്ചാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് ആശങ്ക. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top