News Desk

2021-04-07 05:57:10 pm IST

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് നിന്ന് കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി.

മരണ കാരണമായ ഗുരുതര മുറിവ് ബോംബേറിലുണ്ടായതാണെന്നും അങ്ങനെ രക്തം വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടതു കാലിലുണ്ടായ മുറിവാണ് മരണകാരണം.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. 

പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസാണ് പിടിയിലായത്. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top