News Desk

2021-03-13 11:26:19 pm IST
ചണ്ഡിഗഢ്: ഹിന്ദുവായ പുരുഷനെ വിവാഹം കഴിക്കുന്ന മുസ്ലീം സ്ത്രീ, ഹിന്ദുമതത്തില്‍ ചേര്‍ന്നില്ലെങ്കില്‍ വിവാഹം അസാധുവാകുമെന്ന വിവാദ പ്രസ്താവനയുമായി ഹൈക്കോടതി. 

വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ മുസ്ലീം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാണ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. അടുത്തിടെ വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

പ്രായപൂര്‍ത്തിയായതിനാല്‍ ഇവര്‍ക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്താം. എന്നാല്‍ ഹിന്ദു പുരുഷനെ വിവാഹം കഴിക്കുന്ന മുസ്ലീമായ വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വാദം കേട്ട ബെഞ്ച് വ്യക്തമാക്കി. പഞ്ചാബ് സ്വദേശികളായ യുവതിയും യുവാവും ഏറെ കാലത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് വിവാഹിതരായത്. എന്നാല്‍ വിവാഹ ശേഷം ഇരുവരുടെയും ബന്ധുക്കള്‍ ഇവരെ ഭീഷണിപ്പെടുത്തി വരികയായിരുന്നു.

ബന്ധുക്കളെ ഭയന്ന് ഇവര്‍ പല സ്ഥലങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നു. അതിനു ശേഷവും ഭീഷണി തുടര്‍ന്നതോടെയാണ് യുവതിയും യുവാവും സുരക്ഷ തേടി പൊലീസിനെ സമീപിച്ചു.എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ല. ഇതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മതപരിവര്‍ത്തനം നടത്തുന്നതുവരെ വിവാഹം അസാധുവായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കുന്നതില്‍ നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമാക്കി. ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top