News Desk

2021-06-03 07:25:07 pm IST
കോഴിക്കോട്: മുസ്ലീം പള്ളികളിലേയും സ്ഥാപനങ്ങളിലേയും വരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കൃസ്ത്യന്‍ സഭകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോലെ സര്‍ക്കാര്‍ തലത്തില്‍ മുസ്ലീംങ്ങള്‍ക്കും അനുവാദം ലഭിക്കണമെന്ന് ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുസ്ലീം സമുദായത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും സര്‍ക്കാരില്‍ നിന്നും മുസ്ലീംങ്ങള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്രിസ്ത്യന്‍ മത സ്ഥാപനങ്ങളിലെ കോടിക്കണക്കിന് വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും വിഹിതം കൈപ്പറ്റുകയോ, സഭകളുടെ സ്വത്തിലും വരുമാനത്തിനും ഇടപെടുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. അതുപോലെ സ്വാതന്ത്ര്യം മുസ്ലീംങ്ങള്‍ക്കും വേണമെന്നാണ് പന്തല്ലൂര്‍ പറയുന്നത്. 

കേരളത്തിലെ മുസ്ലിം പള്ളികള്‍, മദ്റസകള്‍ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളില്‍ നിന്നും അതിന്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം വഖഫ് ബോര്‍ഡ് പ്രാസിക്യൂഷന്‍ നടപടികളിലൂടെ പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെത്തുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

മുസ്ലിം സമുദായത്തിലെ അവശ ജനവിഭാഗത്തിന് നാമമാത്രമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ വഖഫ് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. നിര്‍ധനരായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസത്തിനും ചികിത്സക്കുമുള്ള സഹായം, പള്ളി, മദ്റസകളിലെ ജീവനക്കാര്‍ക്ക് നാമമാത്ര പെന്‍ഷന്‍ എന്നിവ നല്‍കുന്നുണ്ടെന്ന് പറയുന്നെങ്കിലും സര്‍ക്കാറില്‍ നിന്ന് വര്‍ഷങ്ങളായി മതിയായ ഫണ്ട് അനുവദിക്കാത്തതിനാല്‍ മുസ്ലിങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക








Top