News Desk

2021-04-20 09:24:14 pm IST
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലായെന്നും മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണെന്നും ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതില്‍ സംശയമില്ലെന്നും എങ്കിലും ഇതും നമ്മള്‍ മറികടക്കുമെന്നും അദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം കുറച്ച് കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്. 

നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്‌സിനേറ്റ് ചെയ്ത് കഴിഞ്ഞു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാനായാണ്.  

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പരിശ്രമിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ എവിടെയാണോ ഉള്ളത്. അവിടെത്തന്നെ തുടരാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം. എവിടെയാണോ തൊഴിലാളികള്‍ ഉള്ളത്. അതേ നഗരത്തില്‍ത്തന്നെ വാക്സിന്‍ നല്‍കണം, മോദി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top