News Desk

2021-05-24 09:34:52 pm IST
തിരുവനന്തപുരം: കൊവിഡ് പോരാട്ടത്തിനിടയില്‍ കേരളത്തിലെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്. 

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനം കേരളമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. ഇതില്‍ ആകെ 119 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരമുള്ളത്. ഇതില്‍ മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളുമുണ്ട്. 

6500 ഓളം വിഷയങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. അംഗീകാരം ലഭിക്കുന്ന പിഎച്ച്‌സികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top