News Desk

2021-02-07 11:32:26 am IST

മുംബൈ: തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ഗുരുതരമായി പെള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സൂരജ് കുമാര്‍ ദുബെയാണ് (26) മുംബൈയിലെ ആശുപത്രിയില്‍ മരിച്ചത്. 

90 ശതമാനം പൊള്ളലേറ്റ നിലയില്‍ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് അജ്ഞാതര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.  

കോയമ്പത്തൂരിലെ ഐ.എന്‍.എസ് അഗ്രാണി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനത്തിലുണ്ടായിരുന്ന സൂരജ് അവധിയിലായിരുന്നു. സ്വദേശമായ റാഞ്ചിയില്‍ നിന്നും ജനുവരി 30-ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനല്‍കാന്‍ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയില്‍ തടവില്‍ പാര്‍പ്പിച്ച സൂരജിനെ പിന്നീട് പാല്‍ഗറിലെ വനപ്രദേശമായ ഗോല്‍വാഡില്‍ എത്തിക്കുകയായിരുന്നു.

മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രാമീണരാണ് പൊലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാല്‍ഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ് അന്വേഷണം ആരംഭിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top