News Desk

2021-03-08 11:58:18 am IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള 40000-ത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. 

ചെറിയ വാഹനങ്ങള്‍ക്കു പുറമെ 500 ബസുകളും 600 മിനി ബസുകളും 115 ട്രക്കുകളുമാണ് വനിതകള്‍ക്ക് എത്താനായി ഏര്‍പ്പാടാക്കിയിട്ടുള്ളത്.

'കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്.', സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top