News Desk

2021-05-16 02:33:37 pm IST

ടെല്‍ അവീവ്: ഫലസ്തീനെതിരെയുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതില്‍ ഇന്ത്യന്‍ പതാക ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.

നെതന്യാഹുവിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യാ സ്റ്റാന്റ് വിത്ത് യൂ എന്ന് ചിലര്‍ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ മറന്നോ, ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു.



ഫലസ്തീന്‍ ആക്രമണത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയിലെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ എടുത്തത്. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ ട്വീറ്റിന് നേരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.

നേരത്തെ ഗാസയില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തെ വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. അതേസമയം, ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടുണ്ടായിരുന്നു. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top