ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച വാട്സ് ആപ്പിന് പകരം സര്‍ക്കാര്‍ പുതിയ ആപ്പ് പുറത്തിറക്കി. ഡിജിറ്റല്‍ ഇന്ത്യപദ്ധതിയുടെ ഭാഗമായാണ് നടപടി. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ഉപയോഗിക്കുന്ന ആപ്പിന്റെ പേര് 'സന്ദേശ്' എന്നാണ്.
ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 'സന്ദേശ്' വാട്സ് ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വാട്സ് ആപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.
എന്നാല്‍, ആപ്ലിക്കേഷന്റെ ഔദ്യോഗിക അവതരണം എപ്പോള്‍ നടക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. gims.gov.in പേജിലാണ് സന്ദേശ് ആപ്പിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്.
ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ സന്ദേശ് ആപ്പ് ഉപയോഗിക്കാം. ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള എന്‍.ഐ.സിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
gims.gov.in എന്ന പേജില്‍ സൈന്‍-ഇന്‍, എല്‍.ഡി.എ.പി, സാന്‍ഡെസ് ഒ.ടി.പി, സാന്‍ഡെസ് വെബ് എന്നിവയുള്‍പ്പെടെ ലോഗിന്‍ ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ കാണാം.
ഇതില്‍ ഏതെങ്കിലും ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'അംഗീകൃത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഈ പ്രാമാണീകരണ രീതി ബാധകമാണ്' എന്ന സന്ദേശമാണ് കാണിക്കുന്നത്.
വാട്സ് ആപ്പും ഫെയ്സ്ബുക്കും പുതിയ സ്വകാര്യതാ നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സമയത്താണ് സര്‍ക്കാര്‍ ആപ്പും വരുന്നതെന്നത് ശ്രദ്ധേയമാണ്. മെച്ചപ്പെട്ട രഹസ്യാത്മകതയും സുരക്ഷയും നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഒരു തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ ആപ്പിന്റെ പേര് ജിംസ് എന്നായിരുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താന്‍ പുതിയ ആപ്പിന് സാധിച്ചേക്കും.
ഗവണ്മെന്റ് മെസേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ഈ ആപ്പിന്റെ കോഡ് നാമം. വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലാണ് പുതിയ ആപ്പിന്റെ സൃഷ്ടി എന്നാണ് അറിയുന്നത്. ഒഡിഷ അടക്കം ഏതാനും സംസ്ഥാനങ്ങളില്‍ ആപ്പിന്റെ പൈലറ്റ് ടെസ്റ്റിങ് നടത്തിയിരുന്നു.
നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ അഥവാ എന്‍ഐസിയുടെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചത്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ സ്വന്തം ഡിപ്പാര്‍ട്ട്മെന്റിലേക്കും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ഇതുപയോഗിച്ചായിരിക്കും സന്ദേശങ്ങള്‍ കൈമാറുക.
വിദേശത്തു നിന്നു വരുന്ന ആപ്പുകള്‍ നിശ്ചയമായും സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നതാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വാട്സാപ്പിന്റെയും മറ്റും രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഇണക്കിയാണ് ആപ് ഉദ്യോഗസ്ഥരുടെ കൈകളില്‍ എത്തുന്നത്.
ആപ്പിന്റെ പ്രവര്‍ത്തനത്തിനു വേണ്ട സെര്‍വറും ഇന്ത്യയ്ക്കുള്ളില്‍ തന്നെയാണ് സ്ഥാപിക്കുന്നത്. ഇതിലെ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലൗഡിലായിരിക്കും സൂക്ഷിക്കുക. എന്‍.ഐ.സിയുടെ കീഴിലുള്ള ഡേറ്റാ സെന്ററുകള്‍ സര്‍ക്കാരിനും അതിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും മാത്രമായിരിക്കും ഉപയോഗിക്കാനാകുക.
സന്ദേശിന്റെ ഐഒഎസ് വേര്‍ഷന്‍ 2019 സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. ഐഒഎസ് 11 മുതല്‍ മുകളിലേക്കുള്ള ഒഎസ് ഉള്ള ഐഫോണുകളിലും ഐപാഡുകളിലുമാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് (ആന്‍ഡ്രോയിഡ് 4.4.4) മുതലുള്ള ഫോണുകളിലും മറ്റും പ്രവര്‍ത്തിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക