News Desk

2021-11-25 05:22:46 pm IST
ടെല്‍ അവീവ്: പ്രതിരോധ മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി ഇസ്രായേല്‍. യുദ്ധ രംഗത്ത് സൈനികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാനാണ് നീക്കം. 

ഇസ്രായേലിലെ പ്രതിരോധ മേഖലാ കമ്പനികളായ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടിക്‌സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്കു പിന്നില്‍.

യുദ്ധത്തിലൂടെ സൈനികര്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് റോബോട്ടീമിന്റെ സി.ഇ.ഒ ഇലാദ് ലെവി പറയുന്നു.

പദ്ധതിയുടെ ആദ്യപടിയായി റൂക് യു.ജി.വി എന്ന റോബട്ടിക് വാഹനമാണു നിര്‍മ്മിക്കുന്നത്. ആറു ചക്രങ്ങളുള്ള ഒരു കവചിതവാഹനമാണ് റൂക്ക്. വളരെ നൂതനമായ ഡിസൈനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്.

1200 കിലോ ഭാരമുള്ള ഈ വാഹനത്തിന്റെ ഗുരുത്വ ബല കേന്ദ്രം വളരെ താഴെയായതിനാല്‍ ഇതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ ഏറെ ഭാരം വഹിക്കാം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതിനു സഞ്ചരിക്കാനുമാകും. 

എട്ടുമണിക്കൂര്‍ ഒറ്റച്ചാര്‍ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഇതിന് ഊര്‍ജം നല്‍കുന്നത്. ടോര്‍ച്ച് എക്‌സ് എന്ന നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് റൂക്കിനെ നിയന്ത്രിക്കുന്നത്. മൂന്നു ലക്ഷം യുഎസ് ഡോളറാണ് ഓരോ റൂക്ക് യൂണിറ്റിന്റെയും വില.

പൂര്‍ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായതിനാല്‍ ഇതിനെ നിയന്ത്രിക്കാനും വളരെ എളുപ്പമാണെന്ന് ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. പ്രധാനമായും യുദ്ധ മുന്നണിയില്‍ പോരാടുന്നവര്‍ക്ക് സേവനങ്ങള്‍ക്കായിട്ടാണ് ഈ വാഹനം ഉദ്ദേശിക്കപ്പെടുന്നത്. 

പരുക്കേറ്റ സൈനികരെ യുദ്ധമുഖത്തു നിന്നു രക്ഷപ്പെടുത്തുന്നതും, ആയുധങ്ങള്‍ തീരുന്ന മുറയ്ക്ക് എത്തിക്കുന്നതുമെല്ലാം നിലവില്‍ സൈനികര്‍ തന്നെയാണ്. ഈ കടമ, റൂക്കിനു ചെയ്യാനാകും. 

ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ശത്രുസേനയുമായി പോരാടാനും റൂക്കിനു കരുത്തുണ്ട്. മരുഭൂമി, കടുത്ത പാറപ്രദേശങ്ങള്‍, മഞ്ഞ്, കുഴഞ്ഞ മണ്ണ് തുടങ്ങി വിഭിന്നങ്ങളായ പ്രകൃതി സാഹചര്യങ്ങളില്‍ തടസ്സങ്ങളൊഴിവാക്കി മുന്നോട്ടു പോയി പോരാടാന്‍ റൂക്ക് സന്നദ്ധമാണ്.

അതേസമയം, നേരത്തെ തന്നെ ഇതിന്റെ കരടുമോഡലുകളായ പ്രോബോട്ട് യു.ജി.വി വാഹനങ്ങള്‍ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടീമും പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള അനുഭവങ്ങളുടെ ബലത്തിലാണ് റൂക്ക് വികസിപ്പിച്ചെടുത്തത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top