News Desk

2021-02-10 01:28:17 pm IST
മസ്‌കത്ത്: ഒമാനില്‍ ഡ്രൈവര്‍ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇതു പ്രകാരം ഡ്രൈവര്‍ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കി.

ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വിസയിലുള്ള പ്രഫഷന് അനുയോജ്യമായ ലൈസന്‍സാണ് ഉണ്ടായിരിക്കേണ്ടത്.

ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല.

ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യോല്‍പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമേ പാടുള്ളൂ. 

സ്വദേശികള്‍ മുഴുസമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യോല്‍പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശി ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാന്‍ അനുമതിയുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH 

Top