News Desk

2021-02-24 05:13:53 pm IST
ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ കൊവിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സി രംഗത്ത്. 

കേന്ദ്രസര്‍ക്കാര്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി പുറത്തിറക്കിയ കൊവിഡ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും കെ.എം.സി.സി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് അനാവശ്യമായ സാമ്പത്തിക ചെലവ് വരുത്തി വെക്കുന്നതാണ് പുതിയ നിയമമെന്നും അതുകൊണ്ട് ഈ നീക്കത്തില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് ഖത്തര്‍ കെ.എം.സി.സി നിവേദനം നല്‍കി.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ 72 മണിക്കൂറിനുള്ളില്‍ രണ്ട് കൊവിഡ് ടെസ്റ്റുകള്‍ ആണ് നടത്തേണ്ടി വരുന്നത്. വിദേശത്തും നാട്ടിലും ടെസ്റ്റ് നടത്താന്‍ ഒരു വ്യക്തിക്ക് പതിനായിരത്തോളം രൂപ വരെ ചെലവ് വരും. കുടുംബ സമേതം പോകുന്നവരാണെങ്കില്‍ ഭീമമായ തുക ഓരോ കുടുംബവും നല്‍കേണ്ടി വരും. 

മാത്രമല്ല, ജോലിചെയ്യുന്ന സ്ഥലത്ത് ടെസ്റ്റിന് പോകുന്നതിനും അതിന്റെ റിസള്‍ട്ട് ലഭ്യമാക്കുന്നതിനും ഒന്നോ രണ്ടോ ദിവസം ജോലിയില്‍ അവധി എടുക്കേണ്ട സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളും സ്ഥാപന ഉടമകളും ഇതുമൂലം ബുദ്ധിമുട്ടാനും സാധ്യതയുണ്ട്.

ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിദേശത്തുനിന്നുള്ള ടെസ്റ്റ് ഒഴിവാക്കുകയും നാട്ടിലെ എയര്‍പോര്‍ട്ടില്‍ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിപുലമായ ടെസ്റ്റ് സംവിധാനങ്ങള്‍ ഒരുക്കുകയും പ്രസ്തുത ടെസ്റ്റ് സൗജന്യമാക്കുകയോ നേരിയ ചാര്‍ജ് ഈടാക്കുകയോ ചെയ്യുക എന്നതാണ് പരിഹാരമെന്നും കെ.എം.സി.സി വ്യക്തമാക്കി. 

വിദേശത്ത് നിന്ന് കുറഞ്ഞ ദിവസത്തേക്കും മറ്റും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ തിരിച്ചു വരുമ്പോള്‍ ഭീമമായ തുക നല്‍കിയാണ് ക്വാറന്റൈനില്‍ പോകുന്നത്.

സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ സാമ്പത്തിക ചെലവ് വരുത്തുന്നതാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു ബുദ്ധിമുട്ട് കൂടി ഉണ്ടാകരുതെന്നും നിവേദനത്തില്‍ ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top