News Desk

2021-04-07 07:11:45 pm IST
ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 

ക്യു.എന്‍.സി.സിയിലേക്കുള്ള പ്രവേശനം, കാത്തിരിപ്പ് തുടങ്ങിയ കാര്യങ്ങളിലാണ് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കും. 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തി. പുറത്ത് കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ക്യു.എന്‍.സി.സിയിലെ പാര്‍ക്കിങ് സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പി.എച്ച്.സി.സി, ആഭ്യന്തര മന്ത്രാലയം, അല്‍ ഫസ, തൊഴില്‍ ഭരണ വികസന സാമൂഹിക ക്ഷേമ മന്ത്രാലയം, ക്യു.എന്‍.സി.സി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

അതേസമയം, വാക്സിനെടുക്കാന്‍ അര്‍ഹതയുള്ളവരുടെ വ്യാപ്തി വലുതാക്കിയതോടെ ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top