News Desk

2021-02-15 04:11:55 pm IST


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കൃത്രിമ ഉപഗ്രഹം ബഹിരാകാശത്തേക്ക്. സതീഷ് ധവാന്‍ സാറ്റലൈറ്റ് ആണ് മോദിയുടെ ചിത്രം ബഹിരാകാശത്ത് എത്തിക്കുക. ഈ മാസം 28-നാണ് വിക്ഷേപണം. 

ഭഗവദ്ഗീതയുടെ പകര്‍പ്പ്, കാല്‍ ലക്ഷം ഇന്ത്യക്കാരുടെ പേര് എന്നിവയും സാറ്റലൈറ്റില്‍ അയക്കും. സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സ്ഥാപനമാണ് നാനോ സാറ്റലൈറ്റായ സതീഷ് ധവാന്‍ വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

ബഹിരാകാശ പഠനത്തിനാവശ്യമായ ഉപകരണങ്ങളും കൃത്രിമോപഗ്രഹത്തിലുണ്ടാകും. സ്പേസ്‌കിഡ്സ് ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിതെന്ന് സ്ഥാപകയും സി.ഇ.ഒയുമായ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു. ജനങ്ങളില്‍ ആഭിമുഖ്യം വളര്‍ത്താനായാണ് 25,000 പേരുകള്‍ അയക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ മിഷന്‍ എന്ന വാക്കിനൊപ്പമാണ് മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക് അയക്കുന്നത്. കൃത്രിമോപഗ്രഹം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഐ.എസ്.ആര്‍.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിസൈന്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഞായറാഴ്ച കൃത്രിമോപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു. 

പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് കൃത്രിമോപഗ്രഹം വിക്ഷേപിക്കുക. ഇതിന്റെ ബോട്ടം പാനലില്‍ ഐ.എസ്.ആര്‍.ഒ അധ്യക്ഷന്‍ ഡോ. കെ. ശിവന്‍, സയന്റിഫിക് സെക്രട്ടറി ഡോ. ആര്‍. ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂണിലാണ് ഐ.എസ്.ആര്‍.ഒ റോക്കറ്റുകളില്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top