News Desk

2020-11-30 11:08:25 pm IST
ടെഹ്‌റാന്‍: പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെയെ കൊലപ്പെടുത്താന്‍ ഭീകരര്‍ ഉപയോഗിച്ചത് റിമോര്‍ട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ആണെന്ന് റിപ്പോര്‍ട്ട്. 

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ വച്ചിരുന്ന റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണ് ഫക്രിസാദെയെ ഭീകരര്‍ വെടിവച്ചതെന്ന് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ ആരും നേരിട്ട് പ്രത്യക്ഷപ്പെടാതെ ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഏജന്‍സി പറയുന്നു. 

എന്നാല്‍ സാറ്റലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇസ്രായേല്‍ നിര്‍മിത ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന്റെ ലോഗോയുള്ള ആയുധം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെള്ളിയാഴ്ചാണ് ഭാര്യക്കൊപ്പം ഫക്രിസാദെ യാത്ര ചെയ്തതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാന് കിഴക്ക് അബ്സാര്‍ദിലേക്കുള്ള യാത്രയില്‍ മൂന്ന് അംഗരക്ഷകരാണ് ഒപ്പമുണ്ടായിരുന്നത്. 

മുന്നിലുണ്ടായിരുന്ന വാഹനം ഫക്രിസാദെ എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെയുടെ കാര്‍ നിര്‍ത്തി. 

ആക്രമണമാണെന്ന് അറിയാതെ, കാറിന് തകരാറുണ്ടെന്നു കരുതി ഫക്രിസാദെ കാറില്‍നിന്ന് ഇറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറില്‍നിന്ന് 150 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍നിന്നാണ് വെടിവയ്പ് ഉണ്ടായതെന്ന് ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. 

ഫക്രിസാദെക്ക് മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം വശത്തും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകര്‍ക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഫക്രിസാദെയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തില്‍ പരുക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 29-ന് ഇറാനില്‍നിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീന്‍ ഗണ്‍ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top