News Desk

2021-11-25 10:04:20 pm IST
ലുവാണ്ട: കൊവിഡിന് പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. വളരെ കുറച്ച് സാമ്പിളുകളില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു. 

വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന് മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്.

പുതിയ വകഭേദത്തിന് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതല്‍ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും ശാസ്ത്രജ്ഞര്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയില്‍ ഈ വകഭേദം അതിവേഗം പടര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളില്‍  ഇതിനകം തന്നെ പുതിയ വകഭേദം ഉണ്ടായിരിക്കാമെന്നും അവര്‍ പറഞ്ഞു.

ഏകദേശം 100 സാമ്പിളുകളില്‍ B.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോട്‌സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. 

ഹോങ്കോങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു യാത്രികനാണ്. എന്നാല്‍ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും B.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

വിവരങ്ങള്‍ പരിമിതമാണെങ്കിലും, ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ പുതിയ വകഭേദത്തെക്കുറിച്ചും, വരാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പഠനം നടത്തുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് പ്രസ്താവനയില്‍ അറിയിച്ചു.  

പുതിയ വകഭേദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനാംഗങ്ങളുടെ അടിയന്തര സിറ്റിംഗ് നടത്താനും ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top