News Desk

2021-06-02 03:18:24 pm IST
വത്തിക്കാന്‍ സിറ്റി: പുരോഹിതന്മാരും പള്ളി ഉദ്യോഗസ്ഥരും നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ശിക്ഷകള്‍ കടുപ്പിച്ച് വത്തിക്കാന്‍. നേരത്തെ നിലന്നിരുന്ന നിയമങ്ങളില്‍ മാറ്റം വരുത്തി ശിക്ഷകള്‍ കടുപ്പിച്ചിരിക്കുകയാണ്.  

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നിലവിലുള്ള നിയമത്തിലാണ് പോപ്പ് ഫ്രാന്‍സിസ് മാറ്റം വരുത്തിയത്. ലൈംഗികാതിക്രമം, കുട്ടികളെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്‍, ലൈംഗികാതിക്രമം മറച്ചുവെയ്ക്കല്‍ എന്നിവ പുതിയ നിയമ പ്രകാരം വത്തിക്കാന്‍ നിയമത്തിന്റെ കീഴില്‍ ക്രിമിനല്‍ കുറ്റമാണ്. 

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ ലൈംഗികാതിക്രമ കേസുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്തോലിക്ക സഭയിലെ വൈദികര്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

1983 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തല്‍ വരുത്തുന്നത്. പരാതി ലഭിച്ചാലുടന്‍ ബിഷപ്പുമാര്‍ നടപടി സ്വീകരിക്കണമെന്നും പുതിയ നിയമം ആവശ്യപ്പെടുന്നു.  ഈ വര്‍ഷം ഡിസംബര്‍ എട്ട് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top